ജീവനാംശ തുകയില്‍ കിഴിവ് തേടി ഭർത്താവ്; ഹർജി തള്ളി കർണാടക ഹൈക്കോടതി

കർണാടക: ശമ്പളത്തിലെ വെട്ടിച്ചുരുക്കലുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍ ഭാര്യക്ക് നല്‍കേണ്ട ജീവനാംശ തുകയില്‍ കിഴിവ് തേടി ഭർത്താവ് സമർപ്പിച്ച ഹർജി തള്ളി കർണാടക ഹൈക്കോടതി.  സിആർപിസി 125-ാം വകുപ്പ് പ്രകാരം ഭാര്യക്ക് 15,000 രൂപയും മകള്‍ക്ക് 10,000 രൂപയും നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.  വെട്ടിച്ചുരുക്കലുകള്‍ കഴിഞ്ഞ് തനിക്ക് ലഭിക്കുന്ന ശമ്പളത്തെ അപേക്ഷിച്ച് ജീവനാംശ തുക കൂടുതലാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.

“ആദായനികുതിയും പ്രൊഫഷണല്‍ നികുതിയുമാണ് നിർബന്ധമായും കുറയ്ക്കാന്‍ സാധിക്കുന്നത്.  ഹർജിക്കാരൻ്റെ ശമ്പളത്തില്‍ നിന്നുള്ള വെട്ടിക്കുറയ്ക്കലുകള്‍ വീട്ടുവാടക, പ്രോവിഡന്റ് ഫണ്ട് സംഭാവന, ഹർജിക്കാരൻ്റെ ലോണ്‍, ഉത്സവ ബത്ത തുടങ്ങിയവയാണ്.  ഇവയെല്ലാം ഹർജിക്കാരന് മാത്രം പ്രയോജനം ഉണ്ടാകുന്ന കിഴിവുകളാണ്.  ജീവനാംശ തുകയുടെ കാര്യത്തില്‍ ഇവ പരിഗണിച്ചുകൊണ്ട് കിഴിവ് വരുത്താന്‍ സാധിക്കില്ല,” കോടതി പറഞ്ഞു. 

ഇതിന് അനുമതി നല്‍കിയാല്‍ സമാന ഹർജികള്‍ ഭാവിയില്‍ കോടതിയിലെത്താനും ജീവനാംശ തുക കുറയ്ക്കുന്നതിനായി കൃത്രിമ സാലറി സ്ലിപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.  ഹർജിക്കാരന് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്.  ഇതനുസരിച്ചാണ് ജീവനാംശ തുക കുടുംബ കോടതി നിശ്ചയിച്ചിരിക്കുന്നതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*