
തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളിയ തോമസ് കെ തോമസിന് മറുപടിയുമായി മുന്‍മന്ത്രി ആന്റണി രാജു. ഇന്ന് പുറത്തുവന്ന വാര്‍ത്തയെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ചു. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് പറയുമെന്നും മുന്നണിയുടെ ഭാഗമായതിനാല്‍ എല്ലാ കാര്യങ്ങളും പറയാന്‍ പരിമിതിയുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
ഇത് സംബന്ധിച്ച് തോമസ് കെ തോമസിന്റെത് അപകമായ വാദമാണ് ആന്റണി രാജു പറഞ്ഞു. വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ചിലതിന് മറുപടി പറയേണ്ടതുണ്ട്. കുട്ടനാട്ടിന്റെ വികസനത്തില്‍ അസ്വസ്ഥനായതുകൊണ്ടാണ് തിരുവനന്തപുരത്തെ എംഎല്‍എയായ താന്‍ പ്രതികരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതുതന്നെ ബാലിശമാണ്. നിയമസഭയില്‍ താനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസും ഒരു ബ്ലോക്കായിട്ടാണ് ഇരിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരു ബ്ലോക്കും ഇല്ല. മൂന്നുപേരും ചേര്‍ന്ന് ഇന്നുവരെ ഒന്നും ക്ലബ് ചെയ്ത് ഒരു കാര്യങ്ങളും ചോദിച്ചിട്ടില്ല.
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് തോമസ് കെ തോമസ പറയുന്നത്. അങ്ങനെ ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ആളാണോ മുഖ്യമന്ത്രി?. ഇന്നുവന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പങ്കുവച്ചു. പ്രലോഭനങ്ങളില്‍ വീഴുന്ന നിലപാട് തന്റെ 52 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
1990 മുതല്‍ ആറ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എല്‍ഡിഎഫിനൊപ്പമാണ്. തോമസ് ചാണ്ടിയുമായി നല്ല ബന്ധമായിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരിക്കലും കുട്ടനാട് മത്സരിച്ചിട്ടില്ല. പരസ്പരവിരുദ്ധവും അടിസ്ഥാനവിരുദ്ധവുമായ ആരോപണങ്ങളാണ് എനിക്കെതിരെ തോമസ് കെ തോമസ് ഉന്നയിച്ചത്. ഇപ്പോള്‍ ഇത്രയുമാണ് പറയാനുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് പറയാം. മുന്നണിക്കകത്ത് നില്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ എല്ലാ കാര്യങ്ങളും പറയാന്‍ പരിമിതിയുണ്ട്. ചര്‍ച്ച നടത്തിയ സമയം എപ്പോഴെന്നതിന് പ്രസക്തിയില്ല. വിഷയമാണ് പ്രസക്തിയെന്നും ആന്റണി രാജു പറഞ്ഞു.
Be the first to comment