ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ചത് ന്യായമായ സമരമായത് കൊണ്ട്; വി ഡി സതീശൻ

ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ചത് ന്യായമായ സമരമായത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ന്യായമായ സമരം ആര് ചെയ്താലും പിന്തുണക്കും.ആശാവർക്കർമാരെ ബിജെപി  പിന്തുണച്ചത് ഞങ്ങൾ വിളിച്ചിട്ടല്ല. വിഴിഞ്ഞം സമരത്തിൽ ബിജെപി യുമായി ചേർന്ന് സമരം ചെയ്തവർ ഇവിടെയുണ്ടെന്നും ഇതൊന്നും പറയിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സമരം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ സിപിഐഎമ്മിന് പരിഹാസമാണ്. നിങ്ങൾ തൊഴിലാളി വർഗ പാർട്ടിയല്ല , മുതലാളി വർഗ പാർട്ടിയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അംഗനവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചിട്ടുണ്ട്. 550 രൂപയിൽ നിന്ന് 7000 രൂപയാക്കി 5 കൊല്ലം കൊണ്ട് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വർധിപ്പിച്ചു.

അന്ന് അംഗനവാടി ജീവനക്കാർ ചെയ്തിരുന്ന ജോലികളല്ല അവർ ഇപ്പോൾ ചെയ്യുന്നത്. പോഷകാഹാര വിതരണം, ആരോഗ്യവിദ്യാഭ്യാസം, ആരോഗ്യപരിശോധന, നവജാത ശിശുക്കളുടെയും ഗര്ഭിണികളുടെയും ഭവന സന്ദർശനം, അവർക്കാവശ്യമായ ന്യൂട്രീഷൻ കൗൺസിലിംഗ്, സർക്കാരും എൽഎസ്ഇടിയും ഏൽപ്പിക്കുന്ന സർവേകളും സെൻസസും ഇതൊക്കെ ചെയ്യുന്നത് അവരാണ്. കേരളത്തിലെ ആരെങ്കിലും ഇത്രമാത്രം ജോലി ചെയ്യുന്നവരുണ്ടോ? അത്രമാത്രം തീർത്താൽ തീരാത്ത ജോലിയാണ് അവർ ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ പറഞ്ഞു.

കേരളത്തിലെ അവിദഗ്ധ തൊഴിലാളികൾക്കായി സംസ്ഥാനം അംഗീകരിച്ചിട്ടുള്ള ദിവസവേതനം 700 രൂപയാണ് എന്നാൽ ഇത്രയും ജോലികൾ ചെയ്തിട്ടും അവർക്ക് കിട്ടുന്നത് 300 രൂപ മാത്രമാണ്.ഒരുമാസം അവർക്ക് ലഭിക്കുന്ന പണം 3 തവണയായിട്ടാണ് ലഭിക്കുന്നത്. സ്വന്തമായി പ്രവർത്തിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ വാടക ഹെൽപ്പറും വർക്കറും ഒന്നിച്ചാണ് കൊടുക്കുന്നത്. വൈദ്യുത ബില്ലും പച്ചക്കറികളും മറ്റും അവർക്ക് കിട്ടുന്ന വേതനത്തിൽ നിന്നാണ് കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*