ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്ത് ഐസിസി: ടീമിനെ രോഹിത് നയിക്കും; ആറ് ഇന്ത്യന്‍ താരങ്ങള്‍

ഏകദിന ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. രോഹിത്തിന് പുറമെ വിരാട് കോലി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. 

രോഹിത്തിനൊപ്പം ക്വിന്റണ്‍ ഡി കോക്ക് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ടൂര്‍ണമെന്റില്‍ നാല് സെഞ്ചുറികള്‍ ഉൾപ്പടെ 594 റണ്‍സാണ് ഡി കോക്ക് നേടിയിരുന്നത്. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.  മൂന്നാമനായി വിരാട് കോലി തന്നെ. ഒരു ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 765 റണ്‍സാണ് കോലി നേടിയത്.

നാലാമന്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍. 552 റണ്‍സ് മിച്ചല്‍ നേടിയിരിന്നു. മധ്യനിരയില്‍ കെ എല്‍ രാഹുലുമുണ്ട്. 10 ഇന്നിംഗ്‌സില്‍ നിന്ന് 452 റണ്‍സാണ് രാഹുല്‍ നേടിയത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ജഡേജയും മാക്‌സ്‌വെല്ലും. അഫ്ഗാനെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു മാക്‌സി. എതിര്‍ ടീമുകളുടെ പ്രധാന വിക്കറ്റുകളെടുക്കുന്നില്‍ മുഖ്യ പങ്കുവഹിച്ചതാണ് ജഡേജയ്ക്ക് സ്ഥാനം നല്‍കിയത്. 11 മത്സരങ്ങളില്‍ 16 വിക്കറ്റെടുത്ത ജഡേജ ഒരു തവണ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

ബുമ്ര, ദില്‍ഷന്‍ മധുഷങ്ക (ശ്രീലങ്ക), മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആഡം സാംപയും ടീമില്‍. ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*