കൊച്ചി: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന് നടപടി നേരിട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിത സര്‍ക്കാരിനെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ തിരികെ കയറാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത ഹര്‍ജി നല്‍കിയത്.
ഏപ്രില്‍ ഒന്നിനകം കോഴിക്കോട് നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റവും കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിനെതിരെ അനിത കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. സംഭവം വിവാദമായതോടെയാണ് അനിതയെ ആരോഗ്യവകുപ്പ് തിരിച്ചെടുത്തത്. ഇന്നലെയാണ് അനിത തിരികെ ജോലിയില്‍ പ്രവേശിച്ചത്. കോടതി ഉത്തരവ് നടപ്പക്കാന്‍ വിസമ്മതിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു അനിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം, അനിതയെ തിരിച്ചെടുക്കണമെന്നു കാണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജിയിലെ ഹൈക്കോടതി തീരുമാനത്തിന് അനുസരിച്ചായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടി.
Be the first to comment