ചെറുതോണി: പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്. ഹൈറേഞ്ചിലാണ് സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുതൽ. ഇത്തരത്തിലുളള തട്ടിപ്പിന്റെ ഭാഗമായി ഇടുക്കി സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാർ സ്വദേശിനിക്ക് 15 ലക്ഷംരൂപയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ എട്ടുപേരെ രണ്ട് കേസുകളിലുമായി ഇടുക്കി സൈബർ പോലീസ് അറസ്റ്റുചെയ്തു.
ടെലിഗ്രാം കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പും നടക്കുന്നത്. പാർട് ടൈം ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ടെലിഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ആമസോൺ, ഫ്ളിപ്പ്കാർട്ട് പോലുള്ള ഷോപ്പിങ് ആപ്പുകൾ വഴി സാധനങ്ങൾ സെർച്ച് ചെയ്ത് വാങ്ങാതെ തന്നെ പണം നൽകാമെനാണ് ആദ്യം പറയുക. തുടക്കത്തിൽ വിശ്വാസം പിടിച്ചു പറ്റാൻ ഇരകൾക്ക് ചെറിയൊരു തുകയും നൽകും. പ്രതിഫലമായി വൻ തുക അക്കൗണ്ടിൽ കാണിക്കുമെങ്കിലും ചെറിയൊരു തുക മാത്രമേ പിൻവലിക്കാൻ സാധിക്കു.
വലിയ തുക പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആവശ്യപെട്ട് ഇരകൾ തട്ടിപ്പുകാരുമായി ബന്ധപ്പെടും. വലിയ തുക ആയത് കൊണ്ട് നികുതി അടയ്ക്കണം എന്ന ആവശ്യമാണ് തട്ടിപ്പുകാർ മുന്നോട്ട് വെയ്ക്കുന്നത്. നികുതിയായി ലക്ഷങ്ങൾ ആവശ്യപെടുന്നതിലൂടെ ഇരകൾ കടം വാങ്ങി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. പിന്നീട് ഇരകൾ തട്ടിപ്പുക്കാരെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ അവർ ഫോൺ നമ്പർ മാറ്റി മുങ്ങി പോകുകയാണ് പതിവ്.
സൈബർ വിജ്ഞാനം നേടിയ സ്ത്രീകൾ ഉൾപ്പെടെയുള്ള യുവജനങ്ങളാണ് തട്ടിപ്പ് നടത്തുന്നത്. ഇരയാകുന്നതിൽ അധികവും സ്ത്രീകളാണ്. ഇത്തരത്തിലുളള സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് പ്രാധമിക റിപ്പോർട്ട്. തട്ടിപ്പുകൾക്കെതിരേ ജനം ജാഗ്രതപാലിക്കണമെന്നാണ് പോലീസ് നിർദേശം.
Be the first to comment