കോട്ടയം: കേന്ദ്ര സർക്കാർ സ്ഫോടകവസ്തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളുടെ പ്രധാന ആകർഷണവും ആചാരങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വി എൻ വാസവൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കും. വെടിക്കെട്ട് പുരയിൽ നിന്നും 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടത് എന്നാണ് പ്രധാന ഭേദഗതി. ഇതനുസരിച്ച് പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽപ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് പൂരങ്ങളെ തകർക്കാനുള്ള നീക്കമായെ കാണാനാകുകയുള്ളൂവെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
ഫയർലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധനാലയങ്ങളുടെ മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണങ്ങൾ പ്രകാരം തൃശൂർ പൂരത്തിലെ വെടിക്കെട്ട് സമയത്ത് സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. അനാവശ്യമായതും യുക്തിയില്ലാത്തതുമായ തീരുമാനമാണിതെന്ന് വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഒട്ടനവധി ആരാധാനലയങ്ങളിലെ ചടങ്ങുകളെ ബാധിക്കും. ഇത് പിൻവലിക്കണമെന്നും വി എൻ വാസവൻ ആവശ്യപ്പെട്ടു.
Be the first to comment