തൂക്കുസഭയെങ്കിൽ പ്ലാൻ ബിയുമായി കോൺഗ്രസ്; ബിജെപിക്ക് ഓപ്പറേഷൻ കമലയെങ്കിൽ, കോൺഗ്രസിന് ഓപ്പറേഷൻ ഹസ്ത

കർണാടകയിൽ ഇത്തവണയും തൂക്കുസഭയെങ്കിൽ എന്ത് പ്രതീക്ഷിക്കാം? 2018ലേത് പോലെ ജെഡിഎസിനെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമോ ദേശീയ പാർട്ടികൾ? ഇല്ലെന്ന സൂചനയാണ് കർണാടകയിൽ നിന്ന് കിട്ടുന്നത്.

കേവല ഭൂരിപക്ഷം കടന്ന് 122 നു മുകളിൽ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഏതു നിമിഷവും അട്ടിമറിയാവുന്ന സർക്കാരാകും കർണാടകയിൽ രൂപപ്പെടുക എന്ന് കോൺഗ്രസിനും ബിജെപിക്കും നന്നായറിയാം. ജെഡിഎസിനെ കൂട്ട് പിടിച്ചുള്ള സഖ്യ സർക്കാരിന് സംസ്ഥാനത്ത് വലിയ ആയുസ്സില്ലെന്നാണ്  അനുഭവം. അതുകൊണ്ടു അങ്ങനെയൊരു സാഹസം കാട്ടാൻ കോൺഗ്രസ് ഇത്തവണ ഒരുക്കമേ അല്ല.

ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ഇത്തവണ കോൺഗ്രസ് മൂന്നുമുഴം മുന്നേ എറിഞ്ഞെന്നാണ് വിവരം. വിജയ സാധ്യതയുള്ള  ഒരു ഡസനിലധികം ബിജെപി സ്ഥാനാർഥികളെ നേരത്തെ പാർട്ടി പറഞ്ഞുറപ്പിച്ച് വച്ചതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിക്ക് ഓപ്പറേഷൻ കമലയെങ്കിൽ കോൺഗ്രസിന് ഓപ്പറേഷൻ ഹസ്ത. ഇത്തവണ അധികാരം പിടിച്ചേ അടങ്ങൂ എന്നതാണ് കോൺഗ്രസ് ലൈൻ.

223 സീറ്റുകളിലാണ്‌ കോൺഗ്രസ് ഇത്തവണ സ്ഥാനാർഥികളെ ഇറക്കിയത് . ഇവരുമായി മുതിർന്ന നേതാക്കൾ വ്യാഴാഴ്ച ഓൺലൈനില്‍ കൂടിക്കാഴ്ച  നടത്തിയിട്ടുണ്ട്. വോട്ടെണ്ണൽ തുടങ്ങി വിജയ സാധ്യത കാണുകയാണെങ്കിൽ എല്ലാവരും തലസ്ഥാനത്ത് എത്തി ചേരണമെന്ന് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ , പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിനു പുറത്ത് ഒരു റിസോർട്ട്  എംഎംഎൽമാർക്കായി ഒരുങ്ങുകയാണെന്നാണ് വിവരം.

കർണാടകയുടെ വിവിധ മേഖലകളിൽ നിന്ന്  വിജയിച്ച സ്ഥാനാർഥികൾക്ക് ബെംഗളൂരുവിൽ എത്തിച്ചേരാൻ പാകത്തിന് വിമാന ടിക്കറ്റുകൾ എടുത്തും ഹെലികോപ്റ്റർ സേവനം നൽകിയും കോൺഗ്രസ് പാർട്ടി സഹായിക്കും. വൈകുന്നേരത്തോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാജ്ഭവനിലേക്കു നീങ്ങാനുള്ള രൂപരേഖയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*