ലോക്‌സഭാ തിരഞ്ഞടുപ്പിൻ്റെ ആദ്യ ഘട്ടം ഏപ്രില്‍ 19-ന് നടക്കാനിരിക്കെ ദേശീയ തലത്തിൽ എല്ലാ കക്ഷികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഏതുവിധേനയും ആകാവുന്നത്ര സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്താൻ ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിപാരമ്പര്യമോ, രാഷ്ട്രീയചരിത്രമോ ഒന്നും പരിഗണിക്കാതെ വിജയസാധ്യതയുള്ള ആളുകളെ മാത്രം നിർത്തുക എന്നതായിരുന്നു ബിജെപിയുടെ സമീപനം. അതുകൊണ്ടു തന്നെ ബിജെപിയുടെ സ്ഥാനാത്ഥികളെ പരിഗണിച്ചാൽ അതിൽ നാലിൽ ഒരാൾ പാർട്ടിമാറി വന്നതാണെന്ന് മനസിലാകും.
ബിജെപി പ്രഖ്യാപിച്ച 417 സ്ഥാനാർഥികളിൽ 116 പേരും, അതായത് 28 ശതമാനം പേരും മറ്റൊരു പാർട്ടിയിൽനിന്ന് ബിജെപിയിലേക്ക് മാറിയവരാണ്. അതിൽ ഏറ്റവും കൂടുതൽ കോൺഗ്രസിൽ നിന്ന് വന്നവരാണ്, 37 പേർ. ഹരിയാനയിലെ ഹോഡലിൽ നിന്നുള്ള എംഎൽഎ ഗയ ലാൽ 1967-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതാണ്. പിന്നീട് കോൺഗ്രസിൽ ചേർന്നു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ ഗയ ലാൽ മൂന്നു തവണയാണ് പാർട്ടി മാറിയത്. 1967 മുതൽ 1983 വരെ 2700 തവണയാണ് നേതാക്കൾ ഹരിയാനയിൽ പാർട്ടി മാറിയത്. അതിൽ പതിനഞ്ച് കൂറുമാറ്റങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയായിരുന്നു. ഇത്തരത്തിൽ ഒരുപാട് കൂറുമാറ്റങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് 1985-ൽ കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നത്.
കൂറുമാറ്റ നിയം നിലവിൽ വന്നെങ്കിലും അതിനെ മറികടക്കാൻ സാധിക്കും. സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും, നിയമത്തെ മറികടക്കാനുള്ള സാധ്യത ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. അവിശ്വാസപ്രമേയത്തിൽ കൂറുമാറുന്നതിനു പകരം ഇപ്പോൾ ആളുകൾ സ്വന്തം സംഘടനയിൽ നിന്ന് രാജിവച്ച് മറ്റൊരു പാർട്ടിയിലേക്ക് പോയി നിയമപരമായ തടസത്തെ മറികടക്കുകയാണ്. 2016നും 2020നുമിടയിൽ രാജിവച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച 433 എംപിമാരെയും എംഎൽഎമാരെയും പരിഗണിച്ചാൽ അതിൽ 405 പേരും പാർട്ടി മാറിയതാണ്. അതിൽ 182 പേർ, അതായത് 45 ശതമാനവും ബിജെപിയിലേക്കാണ് പോയത്. പാർട്ടിമാറിയ 16 രാജ്യസഭാ എംപിമാരെ പരിഗണിക്കുകയാണെങ്കിൽ അതിൽ 10പേരും, അതായത് 60 ശതമാനം പോയത് ബിജെപിയിലേക്കാണ്.
Be the first to comment