പാര്‍ട്ടി അംഗങ്ങളില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുയായിരുന്നു ബിനോയ് വിശ്വം. പുതിയ മാര്‍ഗരേഖ ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മദ്യം കഴിക്കരുതെന്ന പാര്‍ട്ടിയുടെ മാര്‍ഗരേഖയാണ് മാറ്റിയിരിക്കുന്നത്. ‘മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം, മദ്യനിരോധനമല്ല. പാര്‍ട്ടി അംഗങ്ങള്‍ മദ്യപാനം വീട്ടില്‍ വച്ചായിക്കോ. അംഗങ്ങള്‍ പരസ്യമായി മദ്യപിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ നാലുകാലില്‍ വരാന്‍ പാടില്ല. മദ്യപാന ശീലം ഉണ്ടെങ്കില്‍ അതിനെ തടയാന്‍ പാര്‍ട്ടി ആരുമല്ല. പക്ഷേ ഉത്തരവാദിത്തതോടെ പൊതുസമൂഹത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
1992ല്‍ തൃശൂരില്‍ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സിപിഐ പ്രവര്‍ത്തകര്‍ക്ക് മദ്യവര്‍ജനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പെരുമാറ്റച്ചട്ടം പാസാക്കിയത്. 33 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി പഴയ നിലപാട് തിരുത്തുന്നത്. അതേസമയം മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പദവിയിലുള്ള നേതാക്കള്‍, ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാതൃകാ രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കണം. പൊതു ജനങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നത് എന്നും പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടുന്നു. നിലപാട് മാറ്റത്തില്‍ പാര്‍ട്ടി എക്സിക്യൂട്ടീവില്‍ കാര്യമായ വിമര്‍ശനം ഉണ്ടായില്ല. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സ്വീകരിക്കുന്ന നിലപാടാണിതെന്നാണ് നേതൃത്വം തന്നെ വ്യക്തമാക്കുന്നത്.
Be the first to comment