കാഴ്‌ച വെല്ലുവിളിയുള്ളവര്‍ക്ക് സഹായമാകും, ജോമട്രി വരെ അനായാസം പഠിക്കാം; ഉപകരണങ്ങള്‍ വികസിപ്പിച്ച് എൻസിഎഎച്ച്‌ടി

ന്യൂഡൽഹി : കാഴ്‌ച വൈകല്യമുള്ള വ്യക്തികൾക്ക് സഹായകമാകുന്ന സാങ്കേതിക ഉത്‌പന്നങ്ങൾ പുറത്തിറക്കി നാഷണൽ സെൻ്റർ ഫോർ അസിസ്‌റ്റീവ് ഹെൽത്ത് ടെക്നോളജീസ് (എൻസിഎഎച്ച്ടി). ഐഐടി ഡൽഹി ഡയറക്‌ടർ രംഗൻ ബാനർജിയോടൊപ്പം ഐസിഎംആർ ഡയറക്‌ടർ ജനറൽ രാജീവ് ബഹലും ചേർന്നാണ് ഈ ഉത്‌പന്നങ്ങൾ പുറത്തിറക്കിയത്.

ഐഐടി ഡൽഹിയിൽ എൻസിഎഎച്ച്ടി പുതുതായി സമാരംഭിച്ച സഹായ സാങ്കേതിക കണ്ടുപിടുത്തങ്ങളിൽ ഷേപ്‌സ്‌കേപ്‌സ് (കാഴ്‌ച വെല്ലുവിളി നേരിടുന്ന ആളുകളെ ജ്യാമിതീയ ആശങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന ജ്യോമെട്രി ലേണിങ് കിറ്റ്), ഉയർന്ന നിലവാരമുള്ള വൈറ്റ് കെയ്ന്‍ (കാഴ്‌ച വെല്ലുവിളി നേരിടുന്നവര്‍ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള വടി), STEM (സയൻസ്, ടെക്‌നോളജി, എന്‍ജിനിയറിങ് & മാത്‌സ്) വിദ്യാഭ്യാസത്തിനായി ആക്‌സസ് ചെയ്യാവുന്ന കിറ്റ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സ്‌മാർട്ട് കെയിൻ പതിപ്പ് 2ന്‍റെയും പുതുക്കാവുന്ന ബ്രെയിൽ ഡിസ്‌പ്ലേയുടെയും ആവശ്യകത മനസിലാക്കി ഇവ രണ്ടും നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും എൻസിഎഎച്ച്ടി അറിയിച്ചു.

ന്യൂഡൽഹിയിലെ സക്ഷം ട്രസ്‌റ്റുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ഉപകരണങ്ങള്‍ കാഴ്‌ച വൈകല്യമുള്ള വ്യക്തികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും പഠനം മെച്ചപ്പെടുത്താനും സഹായകമാകുന്നതാണ്. ജ്യാമിതി പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും കാഴ്‌ച വെല്ലുവിളി നേരിടുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഒരു ജ്യാമിതി പഠന കിറ്റാണ് ഷേപ്‌സ്‌കേപ്പ്.

വിദ്യാർഥികൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന (Do It Yourself) രീതിയിലുള്ള ഒരു കിറ്റാണ് എൻസിഎഎച്ച്ടി വികസിപ്പിച്ചെടുത്തത്. ഇത് കാഴ്‌ചയുള്ളവർക്കും കാഴ്‌ചക്കുറവുള്ളവർക്കും കാഴ്‌ച പരിമിതിയുള്ള വിദ്യാർഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും.

കാഴ്‌ച വെല്ലുവിളിയുള്ള വ്യക്തികൾക്ക്, സ്വതന്ത്രവും സുരക്ഷിതവുമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ് വൈറ്റ് കെയ്‌നുകൾ.അവശ്യ സഹായ ഉത്‌പന്നങ്ങളുടെ ദേശീയ പട്ടികയിൽ (NLEAP) ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കെൻസ്‌റ്റൽ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐടി ഡൽഹിയുമായി സഹകരിച്ച്, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഉയർന്ന ഗുണമേന്മയുള്ള വൈറ്റ് കെയ്‌നുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വൈറ്റ് കെയ്‌ന്‍റെ മെച്ചപ്പെട്ട പതിപ്പാണ് സ്‌മാർട്ട് കെയിൻ വെർഷൻ 2. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി ഏകദേശം 1,50,000 ആളുകൾ ഇത് ഉപയോഗിക്കുന്നു.

ലോജിക് ഗേറ്റുകൾ, ഇലക്‌ട്രോണിക് ഘടകങ്ങൾ, സർക്യൂട്ടുകൾ തുടങ്ങിയ ഇലക്ട്രോണിക്‌സ് ആശയങ്ങൾ ഗ്രഹിക്കാൻ കാഴ്‌ച പരിമിതിയുള്ള വിദ്യാർഥികളെ സഹായിക്കുന്നതാണ് പഠന കിറ്റ്. സ്‌പർശനരേഖകൾ, ലാർജ് പ്രിൻ്റ്, ബ്രെയിൽ ലിപി എന്നിവയിലൂടെ ആശയങ്ങൾ വിശദീകരിക്കുന്ന ഒരു സ്വയം പഠന പുസ്‌തകവും കിറ്റിൽ ലഭ്യമാണ്. ഐഐടി ഡൽഹിയിലെ അസിസ്‌ടെക് ലാബ്, ഫീനിക്‌സ് മെഡിക്കൽ സിസ്‌റ്റംസ്, സക്ഷം ട്രസ്‌റ്റ് എന്നിവയുമായി സഹകരിച്ച്, കാഴ്‌ച പരിമിതിയുള്ള ഉപയോക്താക്കൾക്ക് വിവിധ ഉറവിടങ്ങളിൽ നിന്ന് ബ്രെയിൽ ഫോർമാറ്റിലുള്ള ഡിജിറ്റൽ ടെക്‌സ്‌റ്റ് ആക്‌സസ് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനായി ഒരു പുതിയ ബ്രെയിൽ സാങ്കേതികവിദ്യയായ Tacread വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, കാഴ്‌ച പരിമിതിയുള്ള ഒരാൾക്ക്, ഇന്ത്യയിലെ പുസ്‌തകങ്ങളുടെ ശേഖരമായ സുഗ്മ്യ പുസ്‌തകാലയയിൽ നിന്ന് ബ്രെയിൽ ഫോർമാറ്റിലുള്ള ഏത് പുസ്‌തകവും ആക്‌സസ് ചെയ്യാൻ കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*