ഐ.ജെ.യു: വിനോദ് കോഹ്‌ലി പ്രസിഡന്റ്, സബാനായകൻ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: ഇന്ത്യയിലെ മാദ്ധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) പ്രസിഡന്റായി വിനോദ് കോഹ്‌ലി (പഞ്ചാബ്)യെയും സെക്രട്ടറി ജനറലായി എസ്. സബാനായകനെ (പശ്ചിമ ബംഗാൾ)യും ഐക്യകണ്ഠന തിരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കോഹ്‌ലി ചണ്ഡീഗഡ് – പഞ്ചാബ് ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗവുമാണ്. സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട എസ്. സബാനായകൻ ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവർത്തക യൂണിയനായ പശ്ചിമ ബംഗാളിലെ ഇന്ത്യൻ ജേർണലിസ്റ്റ്സ് അസോസിയേഷൻ (ഐ.ജെ.എ) പ്രസിഡന്റാണ്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് അനിൽ ബിശ്വാസ് വിനോദ് കോഹ്ലിക്ക് വേണ്ടിയും ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എസ്. സബാനായകന് വേണ്ടിയും പത്രിക നൽകിയിരുന്നു.

സെൻട്രൽ റിട്ടേണിംഗ് ഓഫീസർ ഹബീബ് ഖാൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മറ്റ് ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ദേശീയ സമ്മേളനത്തിൽ തിരഞ്ഞെടുക്കും.

വിനോദ് കോഹ്‌ലി 48 വർഷമായി മാദ്ധ്യമ പ്രവർത്തകനാണ്. സൈക്കോളജിയിലും ജേർണലിസത്തിലും ബിരുദധാരിയാണ്. ചണ്ഡീഗഡ് – പഞ്ചാബ് ജേർണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ദി ട്രിബ്യൂൺ ജേർണലിസ്റ്റ്‌സ് ഗിൽഡിന്റെ ജനറൽ സെക്രട്ടറിയും ഇപ്പോൾ ചണ്ഡീഗഡ് – പഞ്ചാബ് യൂണിയൻ ഓഫ് ജേർണലിസ്റ്റിന്റെ പ്രസിഡന്റുമാണ്. ഐ.ജെ.യു വൈസ് പ്രസിഡന്റായിരുന്നു.
2001 മുതൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗമാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗം, പെയ്ഡ് ന്യൂസ് പരിശോന കമ്മിറ്റി, കേന്ദ്ര പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി എന്നിവയിൽ അംഗമാണ്. വർക്കിംഗ് ജേണലിസ്റ്റുകൾക്കായുള്ള മജിതിയ വേജ് ബോർഡ് കമ്മിറ്റി കൺവീനറായിരുന്നു.

1980ൽ ഇന്ത്യൻ എക്‌സ്പ്രസ് കൊൽക്കത്ത ബ്യൂറോയിൽ ചേർന്നതിന് ശേഷം സബാനായകൻ 32 വർഷമായി പത്രപ്രവർത്തകനാണ്. ദ ടെലിഗ്രാഫ്, ദ ഹിന്ദു, അസം ട്രിബ്യൂൺ ഗ്രൂപ്പ്, ഈസ്റ്റേൺ ക്രോണിക്കിൽ എന്നിവയിലും പ്രവർത്തിച്ചു. വർഷങ്ങളായി ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെയാണ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*