
കൊച്ചി: ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങൾ ഉപയോഗിക്കുന്നതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്. അതു രാഷ്ട്രീയ പാർട്ടികൾക്കു മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങൾ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകൾ സർക്കാർ പോലും നടപ്പാക്കുന്നില്ല. കോടതി കുറ്റപ്പെടുത്തി.
നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലർ. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നു സർക്കാർ അംഗീകരിക്കുമോയെന്നും കോടതി ചോദിച്ചു. നിരത്തിൽ നിറയെ ബോർഡുകൾ ഉള്ളതല്ല നിങ്ങൾ പറയുന്ന നവകേരളം. ടൺ കണക്കിനു ബോർഡുകൾ മാറ്റുന്നു അതിൽ കൂടുതൽ ബോർഡുകൾ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതൽ മലിനമാകുന്നുവെന്നും കോടതി വ്യക്തമാക്കി.
Be the first to comment