സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളെ തടയാന്‍ കര്‍ശന നടപടി ആവശ്യമാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളെ തടയാന്‍ കര്‍ശന നടപടി ആവശ്യമാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍. സാമൂഹ്യമാധ്യമങ്ങളുടെ വിശ്വാസ്യത ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്ട്രാറ്റജിക് കള്‍ച്ചറിന്‍റെ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും ആഘാതവും എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങളെ സാമൂഹ്യ മാധ്യമങ്ങള്‍ കൊണ്ട് തന്നെ നേരിടേണ്ടതുണ്ടെന്നും ഡോവല്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ മാധ്യമങ്ങളിലെ മിക്ക കഥകളും വലിയ കള്ളങ്ങളാണ്. ചിത്രങ്ങളുടെ സ്ഥിതിയും ഇത് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന ചില പോസ്‌റ്റുകൾ കൃത്യത ഇല്ലാത്തതാണ്. ഇത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജവാന്‍മാരുടെ ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. സൈനികര്‍ക്ക് തന്നെ ഇത് പ്രതിരോധിക്കാനാകുമെങ്കില്‍ അതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആദ്യം പ്രതികരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ്. ഉടനടി തന്നെ പ്രതികരണം നല്ലതാണ്. പക്ഷേ ശരിയായ കാഴ്‌ചപ്പാടുകളാകണം പങ്ക് വയ്ക്കപ്പെടേണ്ടത്. അത്തരത്തില്‍ ശരിയായ കാഴ്‌ചപ്പാടുകള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അത് പ്രയോജനകരമാകും. സാമൂഹ്യ മാധ്യമങ്ങള്‍ക്കായി സര്‍ക്കാര്‍ ചില നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം ജനങ്ങളുടെ ശബ്‌ദം ക്രോഡീകരിക്കാന്‍ ശ്രമിച്ചാല്‍ അത് മോശം ഫലമാകും ഉണ്ടാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*