തോഷാഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്ര ബീബിക്കും പതിനാല് വര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞദിവസം, സൈഫര്‍ കേസില്‍ പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പുതിയ കേസിലും ഇസ്ലാമാബാദ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 78.7 കോടി പാകിസ്താന്‍ രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പാകിസ്താനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരെ മൂന്നാമത്തെ കോടതി വിധിയും വന്നിരിക്കുന്നത്. തോഷാഖാന കേസില്‍ ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാനെ ശിക്ഷിക്കുന്നത്. ഓഗസ്റ്റ് അഞ്ചാം തീയതി അദ്ദേഹത്തെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ റാവല്‍പിണ്ടിയിലെ ജയിലിയാണ് ഖാന്‍ കഴിയുന്നത്. ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന്റെ ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമ്രാന്റെ ഹര്‍ജി പിന്നീട് ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി എന്ന നിലയില്‍ ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള തോഷാഖാന കേസ്.
സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനൊപ്പം പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷിയേയും പത്തു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം, ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫര്‍ കേസ്.
Be the first to comment