ഒരു സമരാഗ്നിയുടെ ഓര്‍മ്മ പുതുക്കി; ഇന്ന് മെയ് ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവൻ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥ. സഹിക്കെട്ട് തൊഴിലാളികൾ യൂണിയനുകളായി സംഘടിച്ച് രാജ്യവ്യാപകമായി സമരത്തിനിറങ്ങി. ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം. സമരത്തിൻ്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്കിടയിലേക്ക് ആരോ ബോംബ് എറിഞ്ഞു.

അന്ന് കുറേ തൊഴിലാളികളും പോലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിൻ്റെ ആദരസൂചകമായി 1894 ൽ അന്നത്തെ പ്രസിഡന്റ് ക്ലീവ്‌ലൻഡ് മെയ് 1 തൊഴിലാളി ദിനമായും പൊതു അവധി ദിനമായും പ്രഖ്യാപിച്ചു. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൻ്റെ വാർഷിക യോഗത്തിലാണ്, ജോലിസമയം എട്ടുമണിക്കൂർ ആക്കിയതിൻ്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിർത്തിവെക്കണമെന്ന പ്രമേയം യോഗം പാസ്സാക്കി.

ഇന്ത്യയിൽ 1923ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിച്ചത്. മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്. തൊഴിലാളി വർഗം ഏതൊരു രാജ്യത്തിൻ്റെയും നിർണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിൻ്റെ നില എല്ലായിടത്തും പരിതാപകരമാണ്. കൊവിഡ് മഹാമാരി ഉയർത്തുന്ന പ്രതിസന്ധി സമസ്ത മേഖലകളിലും പ്രതിഫലിക്കുമ്പോൾ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഈ മെയ് ദിനം.

Be the first to comment

Leave a Reply

Your email address will not be published.


*