ന്യൂഡല്‍ഹി: 2060ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ അനുമാനം. തുടര്‍ന്ന് ജനസംഖ്യ കുറയാന്‍ തുടങ്ങും. 12 ശതമാനം വരെ കുറയുമെങ്കിലും ഈ നൂറ്റാണ്ടിലുടനീളം ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഐക്യരാഷ്ട്രസഭ കണക്കുകൂട്ടുന്നു.
വ്യാഴാഴ്ച ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വരുന്ന 50-60 വര്‍ഷങ്ങളില്‍ ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കും. 2080കളുടെ മധ്യത്തില്‍ ഇത് ഏകദേശം 1030 കോടിയായി ഉയരും. 2024 ല്‍ ഇത് 820 കോടിയാണ്. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ജനസംഖ്യ 1020 കോടിയായി കുറയാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറിയത്. 2100വരെ ഈ സ്ഥാനത്ത് തുടരും. നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ജനസംഖ്യ, പിന്നീട് 12 ശതമാനം കുറയും. 2060കളുടെ തുടക്കത്തില്‍ ഇത് ഏകദേശം 170 കോടിയായി ഉയര്‍ന്ന് ഉച്ചസ്ഥായിയില്‍ എത്തിയ ശേഷമായിരിക്കും കുറയാന്‍ തുടങ്ങുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024ല്‍ ഇന്ത്യയുടെ ജനസംഖ്യ 145 കോടിയായി ഉയരുമെന്നാണ് പ്രവചനം. ഇത് 2054 ല്‍ 169 കോടിയായി ഉയര്‍ന്നേക്കും. ഇതിനുശേഷം, 2100ല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയായി കുറയുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. പക്ഷേ ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ തുടരും. നിലവില്‍ 141 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2054ല്‍ 121 കോടിയായി കുറയും. 2100ഓടെ 63.3 കോടിയായി ചൈനയിലെ ജനസംഖ്യ കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
Be the first to comment