ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ നടപടി; മന്ത്രി കെ രാജന്‍

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ജൂലൈ ഒന്ന് മുതല്‍ 71 കേന്ദ്രങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് നടപടി വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. തരം മാറ്റലിനായുള്ള അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. ഇതേതുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സത്വര നടപടി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റലിനായി ഓഫ്‌ലൈനായുള്ള 3660 ഉം 2022 ഫെബ്രുവരി ഒന്നുമുതലുള്ള ഓണ്‍ലൈനായുള്ള 2,73,595 അപേക്ഷകള്‍ കെട്ടികിടക്കകുയാണ്. നിലവില്‍ ഓണ്‍ലൈനായി ഒരു ദിവസം 500ല്‍പ്പരം അപേക്ഷകള്‍ പ്രതിദിനം ലഭിക്കുന്നുണ്ട്.

2008ലെ നിയമപ്രകാരം ഭൂമി തരം മാറ്റലിനുള്ള അപേക്ഷകളില്‍ ആര്‍ഡിഒമാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാല്‍, സംസ്ഥാനത്ത് ഇത്രയും അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ആകെ 27 ആര്‍ഡിഒ തസ്തികകളാണുള്ളത്. അതിനാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് തരം മാറ്റലിനുള്ള ചുമതല നല്‍കിയിരിക്കുകയാണ്. അതിനാല്‍ 78 താലൂക്കുകളില്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ കൈകാര്യം ചെയ്യും. ഇതിനുപുറമെ അപേക്ഷ കൂടുതല്‍ കെട്ടികിട്ടകുന്ന വില്ലേജുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും.

അടുത്ത വര്‍ഷമാകുമ്പോഴേക്കും അതത് ദിവസത്തെ അപേക്ഷകളില്‍ തീര്‍പ്പാക്കുന്ന സ്ഥിതി കൊണ്ടുവരും. ഇതിനുപുറമെ ഡാറ്റാ ബാങ്കിലുള്‍പ്പെട്ട ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് ഇളവുകള്‍ നല്‍കുന്നതിനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ കൃഷിവകുപ്പുമായി നടത്തും. ഡാറ്റാ ബാങ്കിലെ പ്രയാസങ്ങള്‍ മാറ്റാന്‍ നടപടി കൃഷി വകുപ്പുമായി സഹകരിച്ച് വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ നിയമത്തിന്റെ മറവില്‍ നികത്തപ്പെട്ട ഭൂമി പുന:സ്ഥാപിക്കാന്‍ പ്രത്യേക നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ശക്തമാക്കും. ഭൂമി തരംമാറ്റല്‍ മാത്രമല്ല ഭൂമി സംരക്ഷണവും കൂടിയാണ് ലക്ഷ്യം.

അനധികൃതമായി നികത്തിയ ഭൂമി കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. അനധികൃതമായി നികത്തിയ ഭൂ ഉടമകള്‍ക്ക് ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നേട്ടീസ് നല്‍കും. തുടര്‍ന്നും നടപടിയുണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഭൂമി പൂര്‍വ സ്ഥിതിയിലാക്കും. ഇതിനാവശ്യമായ ചിലവ് ഭൂ ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*