അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും കെഎസ്ഇബി പിന്മാറണമെന്നും സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു. സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ ദീർഘകാല വൈദ്യുത കരാർ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്. 4 രൂപ 29 പൈസയ്ക്ക് കിട്ടേണ്ട വൈദ്യുതി ഏഴ് മുതൽ 12 രൂപ നിരക്കിലാണ് ഇപ്പോൾ ഹ്രസ്വകാല കരാറിലൂടെ കെ.എസ്.ഇ.ബി വാങ്ങുന്നത്.

ഇതിലൂടെ ഒരു ദിവസം എട്ട് മുതൽ പത്ത് കോടി രൂപ വരെയാണ് നഷ്ടം. ഇതിന് പിന്നിൽ സർക്കാരിൻ്റെയും റെഗുലേറ്ററി കമ്മീഷൻ്റെയും ഗൂഢാലോചനയുണ്ട്. കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*