പെരിയാർ നദിയിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ 13.5 കോടിയുടെ നാശനഷ്ടം

പെരിയാർ നദിയിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ 13.5 കോടിയുടെ നാശനഷ്ടം ഉണ്ടായതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് 6.52 കോടിയുടെ നഷ്ടവും 7 കോടി രൂപയുടെ മത്സ്യനാശവും സംഭവിച്ചു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നഷ്ടം സംഭവിച്ച കർഷകർക്ക് മൂന്നു മാസത്തേക്ക് പ്രതിദിനം 350 രൂപ വീതം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. പെരിയാറിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ നടപടികൾ വൈകുന്നതിനിടെയാണ് മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പെരിയാറിന്റെ നിരീക്ഷണത്തിനായി പുതിയ സംവിധാനങ്ങൾ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. 

പെരിയാറിൽ മാലിന്യം എത്തിച്ച കമ്പനിയിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണം. മത്സ്യങ്ങൾ ചത്തതിലൂടെ മാത്രം 7 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ബാങ്കിൽ നിന്ന് വായ്പ എടുത്ത് കൃഷി ചെയ്തിരുന്ന കർഷകർക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. കൂടു കൃഷി ചെയ്തിരുന്ന മത്സ്യത്തൊഴിലാളികൾക്ക് 6.52 കോടിയുടെ നഷ്ടമാണ് ഉണ്ടായത് എന്നും ഇവർക്ക് അടുത്ത മൂന്നു മാസത്തേക്ക് പ്രതിദിനം 350 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ശുപാർശയിൽ പറയുന്നു.

ഇതിനുപുറമെ മൂന്നുമാസത്തേക്ക് സൗജന്യ റേഷനും മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കണം. പെരിയാറിന്റെ നിയന്ത്രണത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കണം എന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പെരിയാറിൽ മാലിന്യം എത്തിച്ച കമ്പനിയിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റ നിലനിൽക്കുന്നതിനാലാണ് മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യം ഉള്ളത് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*