ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയ സംഭവത്തില്‍ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒരാള്‍ക്ക് തന്നെ മൂന്ന് വ്യത്യസ്ത നമ്പറുകളില്‍ വോട്ടേഴ്‌സ് ഐഡി കാര്‍ഡ് അനുവദിച്ചതില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

 വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയത്.  കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബേപ്പൂര്‍ ഇരുപത്തിനാലാം നമ്പര്‍ ബൂത്തിലാണ് ഒരാള്‍ക്ക് മൂന്ന് വോട്ട് അനുവദിച്ചത്.

ഷാഹിര്‍ ഷാഹുല്‍ ഹമീദെന്ന വോട്ടര്‍ക്കാണ് ക്രമനമ്പര്‍ 1197, 441, 1188 പ്രകാരം വോട്ടുള്ളത്. പേരും വിലാസവും ഫോട്ടോയുമെല്ലാം ഒന്നു തന്നെ. മാറ്റമുള്ളത് വോട്ടര്‍ ഐഡി നമ്പറിനും, ക്രമനമ്പറിലും മാത്രം. വീഴ്ചയ്ക്ക് തെളിവായി കഴിഞ്ഞ ദിവസം പുതിയ മൂന്ന് വോട്ടേഴ്‌സ് ഐഡി കാര്‍ഡും തപാലില്‍ വീട്ടിലെത്തി. മൂന്ന് ഐഡി കാര്‍ഡുകളില്‍ രണ്ടെണ്ണം റദ്ദുചെയ്യാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഷാഹിര്‍.

Be the first to comment

Leave a Reply

Your email address will not be published.


*