പാരിസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂൺ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ ഏഴിനുമാണ് നടക്കുക. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയതിനു പിന്നാലെയാണ് സംഭവം. കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ 40 ശതമാനം ഭൂരിപക്ഷമാണ് വലതുപക്ഷ പാർട്ടികൾ നേടിയത്.
ഞായറാഴ്ച രാത്രിയിലാണ് മാക്രോൺ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റിനൈസൻസ്‍ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരുമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടുരുന്നു.
മാക്രോണിനു പുറമെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ എന്നിവരുടെ പാർട്ടികൾ തോൽവി ഏറ്റു വാങ്ങിയപ്പോൾ തീവ്ര വലതുപക്ഷ പാർട്ടികൾ കാര്യമായ നേട്ടമാണുണ്ടാക്കിയത്. ഈ തിരഞ്ഞെടുപ്പ് മാക്രോണിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. 2027 ൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ വോട്ടെടുപ്പിൽ, ആർഎൻലെ പ്രമുഖയായ മറൈൻ ലെ പെൻ വിജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
Be the first to comment