മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന 20 സീറ്റില്‍ മത്സരിക്കും. ആകെയുള്ള 48 സീറ്റില്‍ കോണ്‍ഗ്രസ് 18 സീറ്റിലും എന്‍സിപി ശരത് പവാര്‍ വിഭാഗം 10 സീറ്റിലുമാണ് ജനവിധി തേടുക.പ്രാദേശിക പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഘാഡി അഞ്ച് സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവര്‍ ശിവസേനയുടെ 20 സീറ്റില്‍ രണ്ടെണ്ണത്തില്‍ മത്സരിക്കും.

സ്വതന്ത്രനായ രാജു ഷെട്ടി ശരദ് പവാറിനെയും പിന്തുണക്കും.  48 മണിക്കൂറില്‍ സീറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റില്‍ മത്സരിച്ച ശിവസേന 18 സീറ്റില്‍ വിജയിച്ചിരുന്നു.  അന്ന് പിളര്‍ന്നില്ലെന്ന് മാത്രമല്ല, ബിജെപിക്കൊപ്പമായിരുന്നു ശിവസേന.  25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ചന്ദ്രപൂരില്‍ മാത്രമായിരുന്നു വിജയിക്കാനായത്.  19 സീറ്റില്‍ മത്സരിച്ച എന്‍സിപി നാല് സീറ്റിലും വിജയിച്ചു. 25 സീറ്റില്‍ മത്സരിച്ച ബിജെപി 23 സീറ്റില്‍ വിജയിച്ചു.

തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു ഇന്‍ഡ്യാ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ അഭിപ്രായ സര്‍വ്വേ. ആകെയുള്ള 48 സീറ്റുകളില്‍ 26 സീറ്റുകളില്‍ ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. 22 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*