കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം

കോട്ടയം: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. അപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും. ഇതിനാല്‍ ജോസ് കെ മാണിക്കായി രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നത്.

കേരളത്തില്‍ രാജ്യസഭയില്‍ നിന്നും എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവര്‍ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണുള്ളത്. മൂന്നു സീറ്റില്‍ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ടു സീറ്റുകളില്‍ ഒരെണ്ണം സിപിഎം നിലനിര്‍ത്തും. അവശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും ആവകാശവാദവുമായി രംഗത്തുള്ളത്. സിപിഎമ്മിന്റെ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടക്കും. ഇരു പാര്‍ട്ടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സൂചന. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ഇടതു മുന്നണിയില്‍ രമ്യമായി പരിഹരിക്കുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് അംഗം സൂചിപ്പിച്ചു. വിഷയത്തില്‍ സിപിഐയേയും കേരള കോണ്‍ഗ്രസിനേയും അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

സീറ്റ് സിപിഐക്ക് നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക്, കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് ആലോചന. കാബിനറ്റ് റാങ്കുള്ള പദവിയാണിത്. അതല്ലെങ്കില്‍ കേരള ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കാനും സിപിഎം ആലോചിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിക്കേണ്ടത് ജൂണ്‍ 07 മുതല്‍ 13 വരെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*