ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അവര്‍ക്ക് ഇന്ത്യ എല്ലാ സഹായവും നല്‍കും. ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ഹസീനയ്ക്ക് സമയം നല്‍കിയിരിക്കുകയാണെന്നും സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് കേന്ദ്രമന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നു വന്ന പ്രതിഷേധങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു വരികയാണ്.
ഇന്നലെ ( തിങ്കളാഴ്ച) ഉച്ചയോടെയാണ് ഷേഖ് ഹസീന ഇന്ത്യയിലേക്ക് വരുന്നതായി അറിയിപ്പ് കിട്ടിയത്. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എയര്‍ഫോഴ്‌സ് താവളത്തിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഷേഖ് ഹസീന തങ്ങിയത്. രാത്രി മകള്‍ ഗസ്റ്റ് ഹൗസിലെത്തി ഹസീനയെ കണ്ടിരുന്നു. ഷേഖ് ഹസീനയ്‌ക്കൊപ്പം സഹോദരിയുമുണ്ടായിരുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Briefed an All-Party meeting in Parliament today about the ongoing developments in Bangladesh.
Appreciate the unanimous support and understanding that was extended. pic.twitter.com/tiitk5M5zn
— Dr. S. Jaishankar (@DrSJaishankar) August 6, 2024
ഹിന്‍ഡന്‍ബര്‍ഡിലെ വ്യോമ താവളത്തില്‍ നിന്നും ഷേഖ് ഹസീന പോയതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മറ്റൊരു രാജ്യത്തേക്ക് പോകുന്നതില്‍ ഹസീന എന്തു തീരുമാനമെടുക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറ്റു നോക്കുകയാണ്. ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുകളുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പറഞ്ഞു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടോയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചോദിച്ചു. അതിര്‍ത്തി വഴി ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതയും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇതു തടയാന്‍ കേന്ദ്രം എന്തെങ്കിലും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. തല്‍ക്കാലം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ യോഗത്തെ അറിയിച്ചത്.
പതിനായിരം വിദ്യാര്‍ത്ഥികള്‍ അടക്കം ബംഗ്ലാദേശിലുള്ള മുഴുവന്‍ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു. പ്രതിപക്ഷത്തു നിന്നും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, കെസി വേണുഗോപാല്‍, ഡിഎംകെ നേതാവ് ടിആര്‍ ബാലു, എന്‍സിപി നേതാവ് സുപ്രിയ സുലെ തുടങ്ങിയവര്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നഡ്ഡ, കിരണ്‍ റിജിജു, എച്ച് ഡി കുമാരസ്വാമി തുടങ്ങിയവരും പങ്കെടുത്തു.
Be the first to comment