ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും നേട്ടം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും നേട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി ലഭിച്ചു. 13ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാനായത്.റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തി. സിറ്റിങ് ഡിഎംകെ എംഎല്‍എയുടെ പുകഴേന്തിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിൽ നടന്ന ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തങ്ങളുടെ സീറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരന്‍ ഷാ ഇന്‍വതി ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കമലേഷ് ഷായെ ആണ് പരാജയപ്പെടുത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് ഇവിടുത്തെ എംഎല്‍എ കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയത്. കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ ഉള്‍പ്പെട്ട മണ്ഡലമാണ് അമര്‍വാര. ചിന്ദ്വാരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് പരാജയപ്പെട്ടിരുന്നു.ഉത്തരാഖണ്ഡിൽ നടന്ന രണ്ട് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാര്‍ഥി ലഖപത് സിങ് ബുട്ടോലയാണ് ബദരീനാഥിൽ വിജയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. അദ്ദേഹത്തെയാണ് ലഖപത് പരാജയപ്പെടുത്തിയത്. മംഗളൂരിൽ കോണ്‍ഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ വിജയിച്ചു. ബിഎസ്പി സിറ്റിങ് സീറ്റായിരുന്നു ഇത്. ബിഎസ്പി എംഎല്‍എ സര്‍വത് കരിം അന്‍സാരിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഇവിടെ ബിഎസ്പി മൂന്നാമതായി. ബിജെപിയുടെ കര്‍തര്‍ സിങ് ഭന്ദാനയാണ് രണ്ടാം സ്ഥാനത്ത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹിന്ദര്‍ ഭഗതാണ്‌ വിജയിച്ചത്. അഭിമാന പോരാട്ടമായിരുന്നു മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക്. ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ ശീതള്‍ അങ്കുറലിനുള്ള മറുപടി കൂടിയായിരുന്നു എഎപിയുടേത്. ഹിമാചല്‍ പ്രദേശിൽ മൂന്ന് സീറ്റുകളിലാണ് ഹിമാചലില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സ്വതന്ത്ര എംഎല്‍എമാരായിരുന്നു ഇവിടങ്ങളില്‍. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇവര്‍ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുകയും പിന്നീട് രാജിവെക്കുകയുമായിരുന്നു. ബിജെപി ടിക്കറ്റില്‍ ഈ സ്വതന്ത്ര എംഎല്‍എമാരാണ് മത്സരിച്ചിരുന്നത്. ബീഹാറിലെ റുപൗലി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ്ങാണ് മുന്നില്‍. ജെഡിയുവിന്റെ കലാധര്‍ പ്രസാദ് മണ്ഡല്‍ രണ്ടാമതും ആര്‍ജെഡി സ്ഥാനാര്‍ഥി ബിമ ഭാരതി മൂന്നാമതുമാണ്. ജെഡിയുവിന്റെ സിറ്റിങ് സീറ്റില്‍ എംഎല്‍എ ആയിരുന്ന ബിമ ഭാരതി രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*