സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 107 സ്ഥാപനങ്ങള്‍ക്ക്‌ പൂട്ടിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 107 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 835 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രഹസ്യ ഡ്രൈവിലാണ് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 134 സ്‌ക്വാഡുകളാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. 368 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 458 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 9 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.

തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂര്‍ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂര്‍ 169, കാസര്‍ഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്.

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം.

Be the first to comment

Leave a Reply

Your email address will not be published.


*