തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മഷി പുരട്ടുക നടുവിരലില്‍

തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്.

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നതിന് കൂടിയാണ് ഈ നടപടി. നിര്‍ദ്ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരേയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പ്രിസൈഡിങ് ഓഫീസറോ പോളിങ് ഓഫീസറോ മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*