ഗാസ മുനമ്പിലെ ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതി മുമ്പാകെ (ഐസിജെ) ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ കക്ഷി ചേരുമെന്ന് അറിയിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറെസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അയര്‍ലന്‍ഡ്, ചിലി, മെക്‌സിക്കോ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കക്ഷി ചേര്‍ന്നിരുന്നു.
വംശഹത്യ കണ്‍വെന്‍ഷന്റെ കീഴിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക ഐസിജെയില്‍ കേസ് നല്‍കിയത്. ഗാസയില്‍ നടത്തുന്നത് ‘വംശഹത്യ’യാണെന്നും ഇസ്രയേലിന്റെ ‘കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും’ കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഹർജി.
പലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരുന്നു. കേസില്‍ വാദങ്ങള്‍ പുരോഗമിക്കെ പലസ്തീനെതിരെയുള്ള വംശഹത്യാ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും സാധാരണക്കാരെ സഹായിക്കണമെന്നും കോടതി ഇസ്രയേലിനോട് ഉത്തരവിട്ടിരുന്നു.
എന്നാല്‍, വംശഹത്യ ആരോപണം തെളിവില്ലാത്തതാണെന്നും ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങൾ നടത്തുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം. വിചാരണയുടെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെയുള്ള വാദങ്ങള്‍ നിരത്തിയിരുന്നു. 1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചു. ഇതിന് മറുപടിയായി ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമിക്കുന്ന രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ കോടതിയില്‍ ഹാജരാക്കിയായിരുന്നു പ്രതിരോധം.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദ്ഗധന്‍ ടാല്‍ ബെക്കറാണ് ഇസ്രയേലിനുവേണ്ടി വാദിക്കാൻ ആദ്യം ഹാജരായത്. ”ദക്ഷിണാഫ്രിക്ക വികലവും വസ്തുതാപരവുമായ ചിത്രമാണ് മുന്നോട്ടുവച്ചത്. വംശഹത്യ എന്ന പദം ഇസ്രയേലിനെതിരായ ആയുധമായാണ് ദക്ഷിണാഫ്രിക്ക പ്രയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വിചാരണ ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ അവഗണിക്കുകയായിരുന്നു,” ബെക്കര്‍ വാദിച്ചിരുന്നു.
Be the first to comment