സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം. പ്രതിമാസം പരമാവധി 15,000 രൂപ വേതനം നൽകി അധ്യാപകരെ നിയമിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
തദ്ദേശസ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സര പദ്ധതിയിലെ വാർഷികപദ്ധതിയുടെ പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട സബ്‌സിഡി, സഹായധനം എന്നിവ സംബന്ധിച്ച പരാമർശത്തിലാണ് കായികാധ്യാപകരെ നിയമിക്കാനുള്ള പുതിയ മാർഗരേഖയും ഉൾപ്പെടുത്തിയത്. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കായികാധ്യാപകരില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു അധ്യയനവർഷം പരമാവധി പത്തുമാസത്തേക്ക് പ്രതിമാസം 15,000 രൂപ വേതനത്തിൽ മാത്രം നിയമിക്കാമെന്നാണ് നിർദ്ദേശം. ഇതിനുള്ള അധികാരം പഞ്ചായത്തുകൾക്കാണ് നൽകിയിട്ടുള്ളത്.
ബി.പി.എഡ്, എം.പി.എഡ്. തത്തുല്യ യോഗ്യതയുള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കേണ്ടത്. ശാസ്ത്രീയമായും കാലോചിതമായും തസ്തികാനിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കാതെ കേവലം കൂലിത്തൊഴിലായി കായികാധ്യാപക തസ്തികയെ മാറ്റാനുള്ള നീക്കമാണിതെന്ന് കായികാധ്യാപക സംഘടനകൾ ആരോപിച്ചു.
Be the first to comment