യുവ ഡോക്ടറുടെ ആത്മഹത്യ ; പ്രതിയായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നതാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി. ഡോ. റുവൈസിന് പഠനം തുടരാമെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. പിജി വിദ്യാര്‍ഥിയായ റുവൈസിനെ പഠനം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ അപരിഹാര്യമായ നഷ്ടം വരുത്തുമെന്ന് വിലയിരുത്തിയായിരുന്നു ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്‌റെ ഈ ഉത്തരവ്.

ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കണം. ഇതിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ തടയാന്‍ കോളേജ് അധികൃതര്‍ മുന്‍കരുതലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്യുകയും പഠനം വിലക്കുകയും ചെയ്ത ആരോഗ്യസര്‍വകലാശാല ഉത്തരവും സിംഗിള്‍ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു.കേസില്‍ ജാമ്യം ലഭിച്ച റുവൈസ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയായിരുന്നു കോടതി പരിഗണിച്ചിരുന്നത്.

ഗുരുതര കുറ്റകൃത്യമാണ് ഹരജിക്കാരന്റെ പേരിലുള്ളതെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനം തുടരുന്നതിന് തടസമാകില്ലെന്ന് കോടതി വ്യക്തമാക്കിയപ്പോള്‍ ക്ലാസില്‍ മതിയായ ഹാജരില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാനാവില്ലെന്നായിരുന്നു സര്‍വകലാശാലയുടെ വാദം. എന്നാല്‍, കുറ്റവാളികള്‍ക്കു പോലും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നും അത് പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പഠനം തുടരാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്.

ഇതിനെതിരെയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അപ്പീല്‍ സമര്‍പ്പിച്ചതും ഇപ്പോള്‍ വിധി വന്നിരിക്കുന്നതും.ഡിസംബര്‍ നാലിനാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുടങ്ങിയതിനാല്‍ ഷഹന ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കേസ്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പുറമെ സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തിയാണ് റുവൈസിനെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*