കാമറൂണ്‍ ഗ്രീനിന്‍റെ സ്റ്റംപ് നിലംപരിശാക്കി മായങ്ക് യാദവ്- വീഡിയോ

ബെംഗളൂരു: ബോളർമാരുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകള്‍. ചിന്നസ്വാമിയില്‍ ഇത്തരമൊരു പ്രകടനം അപൂർവം, അതും ട്വന്റി 20യില്‍. ഐപിഎല്ലിലെ ടോക്ക് ഓഫ് ദ ടൗണാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്.

സാക്ഷാല്‍ ബ്രെറ്റ് ലീയും ഡെയ്‍ല്‍ സ്റ്റെയ്നും അഭിനന്ദിച്ച അതിവേഗ പേസർ. ഐപിഎല്‍ 2024 സീസണില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിനായി കളിച്ച് 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി അമ്പരപ്പിക്കുകയാണ് 21 വയസ് മാത്രമുള്ള വലംകൈയന്‍ പേസർ മായങ്ക് യാദവ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഇന്നലത്തെ മത്സരത്തില്‍ ഓസീസ് ഓൾറൗണ്ട‍ർ കാമറൂണ്‍ ഗ്രീനിനെ മായങ്ക് പുറത്താക്കിയത് ആർക്കും തൊടാനാവാത്ത ഒരു പന്തിലായിരുന്നു.

”അവൻ്റെ വേഗത മികച്ചതായിരുന്നു. പക്ഷെ എന്നെ കൂടുതല്‍ ആകർഷിച്ചത് ലെങ്ത് നിയന്ത്രിക്കാനുള്ള മികവും അച്ചടക്കത്തോടെ പന്തെറിയാനുള്ള കഴിവുമാണ്. പേസും കൃത്യതയും അടങ്ങിയ പ്രകടനം,” സ്വന്തം ടീമിൻ്റെ മധ്യനിരയെ തകർത്തെറിഞ്ഞ 21കാരന്‍ പയ്യനെക്കുറിച്ചുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിസിൻ്റെ വാക്കുകളാണിത്. 

നേരത്തെ ഗ്ലെന്‍ മാക്സ്‍വെല്ലിന്‍റെ വിക്കറ്റും മായങ്ക് യാദവിനായിരുന്നു. രണ്ട് പന്തുകള്‍ ക്രീസില്‍ നിന്ന് അക്കൗണ്ട് തുറക്കുംമുമ്പ് മാക്സിയെ മായങ്ക്, നിക്കോളാസ് പുരാന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 15-ാം ഓവറില്‍ രജത് പാടിദാറിനെ മടക്കി മായങ്ക് മൂന്ന് വിക്കറ്റ് തികച്ചു. 21 പന്തില്‍ 29 റണ്‍സാണ് പാടിദാർ സ്വന്തമാക്കിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മായങ്ക് യാദവിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മായങ്ക് യാദവ് മൂന്ന് വിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്നത്. പഞ്ചാബ് കിംഗ്സിനെതിരായ അരങ്ങേറ്റത്തില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് മത്സരങ്ങളിലും മായങ്ക് യാദവ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Be the first to comment

Leave a Reply

Your email address will not be published.


*