ഏറ്റുമാനൂർ: കാരിത്താസ് റെയിൽവേ – മേൽപ്പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണ ഉദ്ഘാടനം ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് 4 ന് സഹകരണ രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും.
കാരിത്താസ് ജംഗ്ഷന് സമീപം നടക്കുന്ന സമ്മേളനത്തിൽ തോമസ് ചാഴിക്കാടൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോർജ്ജ് എന്നിവർ പങ്കെടുക്കും.
കാരിത്താസ് – അമ്മഞ്ചേരി റോഡിലെ റെയിൽവേ മേൽപാലം നിർമ്മാണം പൂർത്തിയായി നാളുകൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമ്മിക്കാൻ കഴിയാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പല തവണ ടെൻഡർ വിളിച്ചിട്ടും കരാർ എടുക്കാൻ ആളില്ലാത്തതിനാൽ റോഡ് നിർമ്മാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. അടങ്കൽ തുക പരിമിതമായതിൽ കരാറുകാർ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കാൻ തയ്യാറായില്ല. നിർമ്മാണ പ്രവർത്തികൾ വൈകിയതിനാൽ നാട്ടുകാർ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. തുടർന്ന് മന്ത്രി വി. എൻ. വാസവൻ പ്രത്യേക താല്പര്യപ്പെടുത്ത് അപ്രോച്ച് റോഡിന് ആവശ്യമയ 13.60 കോടി രൂപ മന്ത്രിസഭായോഗത്തിൽ അംഗീകരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയുമാണ്.
Be the first to comment