
കോട്ടയം: അയ്മനം ഗ്രാമ പഞ്ചായത്തിലെ വലിയമട വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതിയുടെയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലിൻ്റെയും ഉദ്ഘാടനം നാളെ നടക്കും. നാളെ വൈകുന്നേരം 6.30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണം തുറമുഖം മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും. അയ്‌മനം ചീപ്പുങ്കലിൽ 4.85 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ വാട്ടർ ഫ്രണ്ട് ടൂറിസത്തിൻ്റെ ഭാഗമായ വലിയമടക്കുളം ടൂറിസം പദ്ധതിയും കുമരകം ഡെസ്‌റ്റിനേഷൻ ഡവലപ്മെന്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.44 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
5 ഏക്കറുള്ള കുളത്തിൻ്റെ പടിഞ്ഞാറു ഭാഗത്തായി ഫ്ലോട്ടിങ് റസ്‌റ്ററൻ്റ്, പെഡൽ ബോട്ടുകൾ, മ്യൂസിക് ഫൗണ്ടൻ, റെയ്ൻ ഷട്ടർ തുടങ്ങിയവയാണു വലിയമടക്കുളം ടൂറിസം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയിരിക്കുന്നത്. കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് അയ്‌മനം പഞ്ചായത്തിലെ ഈ ടൂറിസം പദ്ധതി ഏറെ പ്രയോജനപ്പെടും. ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കഴിയുന്നതോടെ രാത്രിയും പകലും ഇവിടെ വിനോദസഞ്ചാരികൾക്കു സമയം ചെലവഴിക്കാൻ കഴിയും.
കോട്ടയം – കുമരകം റോഡിലെ കവണാറ്റിൻകര പാലം കഴിഞ്ഞു പടിഞ്ഞാറോട്ടുള്ള റോഡിലൂടെ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ വലിയമടക്കുളം ടൂറിസം പദ്ധതി എത്താം.
Be the first to comment