ഗൾഫിൽ ശമിക്കാതെ മഴ; ദുബായിലെ വിമാനസർവീസുകൾ താറുമാറായി, കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളുടെ കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിൽ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം മഴയാണ് തിങ്കളാഴ്ച്ച അർധരാത്രി മുതൽ പെയ്തുകൊണ്ടിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖത്മ് അൽ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തിട്ടുള്ളത്.

ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സർവീസ് റദ്ദുചെയ്തത്. ബുധനാഴ്ച രാവിലെ മുതൽ ദുബായിൽ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കൊച്ചിയിൽ നിന്നടക്കം കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയിൽ ദുബായ് അബുദാബി ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതിൽ പത്തുപേർ ഒമാനിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളാണ്.

ഏപ്രിൽ 17ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട ഫ്ലൈ ദുബൈ വിമാനങ്ങൾ മുഴുവൻ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിലേക്ക് അടിയന്തരമായി എത്തേണ്ട ആളുകളെ മാത്രമേ തങ്ങൾ ഇപ്പോൾ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു എന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ന്യൂസ് ഏജൻസികളെ അറിയിച്ചത്. ദുബായിലേക്ക് വരുന്ന വിമാനങ്ങളെ കഴിയാവുന്നത്ര വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥമെച്ചപ്പെടുന്നതുവരെ യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.

ദുബായിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ ദുബായ് മാളിലും മാൾ ഓഫ് എമിറേറ്റിസിലും വെള്ളം കയറിയതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലും മഴ കാരണം അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*