ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി പോര്‍ട്ടലിൽ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ വിവിധ സൗകര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു സൗകര്യം മാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്. രൊക്കം പണം ബാങ്ക് അക്കൗണ്ടില്‍ വേണ്ടതില്ല. പണം കൈയിലില്ലെങ്കിലും പിഴ ഒഴിവാക്കുന്ന വിധം യഥാസമയം നികുതി അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുന്നു.
നികുതി അടച്ചതിന് അപ്പോള്‍ തന്നെ സ്ഥിരീകരണം ലഭിക്കുന്നു. പരമ്പരാഗത പണമടയ്ക്കല്‍ രീതികളുമായി ബന്ധപ്പെട്ട കാലതാമസവും ഒഴിവാകും. ചെലവാക്കുന്ന ഓരോ രൂപയും അടിസ്ഥാനപ്പെടുത്തി പല ക്രെഡിറ്റ് കാര്‍ഡുകളും നല്‍കുന്ന റിവാര്‍ഡ് പോയിന്‍റുകള്‍ പ്രയോജനപ്പെടുത്താമെന്ന നേട്ടവുമുണ്ട്. നിശ്ചിത സമയത്ത് ക്രെഡിറ്റ കാര്‍ഡ് ബില്‍ അടച്ചാല്‍ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടും.
നികുതി അടക്കേണ്ട വിധം:
www.incometax.gov.in എന്ന പോര്‍ട്ടലില്‍ ആദായനികുതി ഇ-ഫയലിങ്ങിന് രജിസ്റ്റര്‍ ചെയ്യുക. അക്കൗണ്ട് തുറക്കാന്‍ പാന്‍, വ്യക്തിഗത വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം. യൂസര്‍ ഐഡി, പാസ്‌വേര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എത്തുന്ന വണ്‍ ടൈം പാസ്‌വേര്‍ഡ് (ഒടിപി) എന്നിവ ലോഗിന്‍ ചെയ്യാന്‍ ആവശ്യമാണ്.
ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ “ഇ-പേ ടാക്സസ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതോടെ പേയ്മെന്‍റ് നടത്താനുള്ള നടപടി തുടങ്ങും. ഇ-പേ ടാക്സസ് പേജില്‍ പാന്‍ നമ്പര്‍ കൊടുത്ത് അസസ്മെന്‍റ് വര്‍ഷം സെലക്റ്റ് ചെയ്യുക. നല്‍കിയ വിശദാംശങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
ക്രെഡിറ്റ് കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി പണം അടയ്ക്കുക. ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ക്രെഡിറ്റ് കാര്‍ഡില്‍ ആദ്യമേ ശരിയാക്കി വച്ചിരിക്കണം. നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുകയും വേണം. പേയ്മെന്‍റ് നടന്നതിന്‍റെ സ്ഥിരീകരണത്തിനു പിന്നാലെ നികുതി അടച്ചതിന്‍റെ രസീതും ലഭ്യമാകും. അത് സേവ് ചെയ്യുകയോ പ്രിന്‍റ് ചെയ്യുകയോ ആവാം.
Be the first to comment