കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറില്‍ 115 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1749 ആണ്. ഇതിനിടെ കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. കൂടാതെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും നവംബര്‍ മാസത്തില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചു വരുന്നു. അതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആള്‍ക്കാണ് ഇത് കണ്ടെത്തിയത്. അവര്‍ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.
Be the first to comment