ഓണ്‍ലൈന്‍ തട്ടിപ്പില്‍ വര്‍ധന, കഴിഞ്ഞ സാമ്പത്തികവര്‍ഷം നഷ്ടമായത് 177 കോടി; രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തികവര്‍ഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 177 കോടി രൂപ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

മുന്‍ സാമ്പത്തികവര്‍ഷം സൈബര്‍ തട്ടിപ്പിലൂടെ 69.68 കോടി രൂപയാണ് നഷ്ടമായത്. എന്നാല്‍ 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇത് 177 കോടിയായി വര്‍ധിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. 2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 80 കോടിയായിരുന്നു. 2021 സാമ്പത്തികവര്‍ഷത്തില്‍ 50.10 കോടിയും 2020 സാമ്പത്തികവര്‍ഷത്തില്‍ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 44.22 കോടിയാണെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് മൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന്, അനധികൃത ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പിഴവ് കൊണ്ട് ഉണ്ടാകുന്ന ഒരു നഷ്ടവും ഉപഭോക്താവ് വഹിക്കേണ്ടതില്ല. ബാങ്കിന്റെയോ ഉപഭോക്താവിന്റെയോ ഭാഗത്ത് നിന്ന് അല്ല, മറിച്ച് സിസ്റ്റത്തില്‍ മറ്റെവിടെയെങ്കിലുമാണ് പിഴവ് സംഭവിക്കുന്നതെങ്കില്‍ അനധികൃത ഇടപാടിനെക്കുറിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താവ് ബാങ്കിനെ അറിയിക്കണം. ഉപഭോക്താവിന്റെ അശ്രദ്ധ മൂലം നഷ്ടം സംഭവിക്കുന്നിടത്ത്, അനധികൃത ഇടപാട് സംബന്ധിച്ച് ബാങ്കില്‍ അറിയിക്കുന്നതുവരെ മുഴുവന്‍ നഷ്ടവും ഉപഭോക്താവ് വഹിക്കണമെന്നും ചൗധരി മുന്നറിയിപ്പ് നല്‍കി.

ബാങ്കിന്റെയോ ഉപഭോക്താവിന്റെയോ ഭാഗത്ത് നിന്ന് അല്ല, മറിച്ച് സിസ്റ്റത്തില്‍ മറ്റെവിടെയെങ്കിലുമാണ് പിഴവ് സംഭവിക്കുന്നതെങ്കില്‍, അനധികൃത ഇടപാടിനെ കുറിച്ച് 4 മുതല്‍ 7 പ്രവൃത്തി ദിവസങ്ങള്‍ക്കിടയില്‍ ഉപഭോക്താവ് റിപ്പോര്‍ട്ട് ചെയ്താല്‍, ഉപഭോക്താവിന്റെ പരമാവധി ബാധ്യത 5,000 രൂപ മുതല്‍ 25,000 രൂപ വരെയാണ്. അനധികൃത ഇടപാട് സംബന്ധിച്ച് 7 പ്രവൃത്തി ദിവസങ്ങള്‍ക്കപ്പുറത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ബാങ്കിന്റെ ബോര്‍ഡ് അംഗീകൃത നയം അനുസരിച്ച് ഉപഭോക്തൃ ബാധ്യത നിര്‍ണ്ണയിക്കപ്പെടും. അനധികൃത ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളുടെ കാര്യത്തില്‍ ഉപഭോക്തൃ ബാധ്യത തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം ബാങ്കിന് ആയിരിക്കുമെന്നും ചൗധരി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഏത് സൈബര്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ സഹായിക്കുന്നതിന്, ആഭ്യന്തര മന്ത്രാലയം ഒരു ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലും (www.cybercrime.gov.in) ഒരു ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറും ‘1930’ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ബാങ്ക് ശാഖകളില്‍ നേരിട്ട് പോയോ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ വെബ്‌സൈറ്റ് വഴിയോ ഉപഭോക്താവിന് പരാതി നല്‍കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*