യു എസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന

യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചതായി റിപ്പോർട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയിൽ അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയിൽ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ ഒറ്റയ്ക്ക് അതിർത്തികടന്ന കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

30,010 പേർ കനേഡിയൻ അതിർത്തി വഴിയും 41,770 പേർ മെക്സിക്കൻ അതിർത്തി വഴിയും കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രാജ്യത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷമാണ് ബാക്കിയുള്ളവർ പിടിയിലായത്.യു.എസിന്റെ തെക്കൻ, വടക്കൻ, അതിർത്തികളിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും 97,000 ഇന്ത്യക്കാരും ഈ അപകടകരമായ വഴികളാണ് യാത്രക്ക് തെരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവരിൽ പ്രായപൂർത്തിയായ അവിവാഹിതരാണ് കൂടുതലുള്ളത്. 84,000 അവിവാഹിതരും ഒപ്പം ആരുമില്ലാത്ത 730 കുട്ടികളും അതിർത്തിയിൽ പിടിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. യു.എസിൽ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ നിരവധി ഇന്ത്യൻ കുട്ടികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വിചാരണ കൂടാതെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള ‘ടൈറ്റിൽ 42’ നയത്തിൽ ഇളവ് വരുത്തിയതോടെ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വർദ്ധിച്ചു. നിരവധി ഇന്ത്യക്കാർ പ്രതിവർഷം യു.എസിൽ പിടിക്കപ്പെടുന്നുണ്ടെന്നും മാനുഷിക പരിഗണനകൊണ്ട് ചുരുക്കം ചിലർ മാത്രമേ നാടുകടത്തപ്പെടുന്നുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*