സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നു. ഹൈക്കോടതിയിൽ ഗർഭഛിദ്രത്തിന് അനുമതി തേടുന്ന കൗമാരക്കാരുടെ കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

2019 നും 2023 ഒക്ടോബറിനും ഇടയിൽ കേരളത്തിൽ 41 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എംടിപി) നിയമങ്ങൾ പ്രകാരം ഗർഭഛിദ്രം നടത്തിയിരിക്കുന്നത്. ഈ എണ്ണത്തിൽ വർഷം തോറും ഉയർച്ച കാണുന്നുണ്ടെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിവരാകാശ നിയമപ്രകാരം നേടിയ കണക്കുകൾ പ്രകാരം വ്യക്തമാക്കുന്നു. ഈ 41 അതിജീവിതകളിൽ 23 പേർ ഗർഭാവസ്ഥയുടെ അവസാന കാലഘട്ടത്തിലായിരുന്നു. ഗർഭഛിദ്രത്തിനുള്ള അനുമതി ലഭിച്ചെങ്കിലും ഈ 23 കുട്ടികളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. സർക്കാരിന്റെ കെയർ ഹോമുകളിലാണ് നിലവിൽ കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്നത്.

ചില അമ്മമാർ കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകണമെന്ന് നിർബന്ധം പിടിക്കുന്നതിനാൽ അത്തരം കൗമാരക്കാരെയും അവരുടെ കുഞ്ഞുങ്ങളെയും പുനരധിവസിപ്പിക്കുന്നത് വരെ വനിതാ ശിശു സെല്ലിന്റെ കീഴിലുള്ള വീടുകളിലാണ് താമസിപ്പിക്കുന്നതെന്നും വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു. എന്നാൽ അവരുടെ ക്ഷേമ നടപടികൾക്കായി സർക്കാർ എത്ര പണം ചെലവഴിച്ചെന്നത് രേഖകളിൽ നിന്ന് വ്യക്തമല്ല. കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ പണം ചെലവഴിച്ചുവെന്നാണ് രേഖകൾ കാണിക്കുന്നത്.

1971-ലെ എംടിപി നിയമപ്രകാരം ഗർഭഛിദ്രം നടത്താനുള്ള നിയമ പരിധി 24 ആഴ്‌ചയാണ്. എന്നാൽ ഈ സമയ പരിധി കഴിഞ്ഞ സംഭവങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത്. അനുമതി നൽകുമ്പോൾ കുഞ്ഞിന്റെ ഉത്തരവാദിത്വം ‘അമ്മ ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ സംസ്ഥാനവും അതിന്റെ വിവിധ ഏജൻസികളും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുട്ടിക്ക് വൈദ്യ സഹായവും മറ്റ് സൗകര്യങ്ങളും നൽകുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*