പാലിയേക്കര ടോൾ പ്ലാസയിലെ വർധിപ്പിച്ച ടോൾ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വർധിപ്പിച്ച ടോൾ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ബസ്, ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർധനയുണ്ടാകും.

ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെയാണ് വർധനവ്. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നിൽ കൂടുതൽ യാത്രകളുണ്ടെങ്കിൽ 140 രൂപ നൽകേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാർജ്. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇത് 240 രൂപയായി ഉയരും.

ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപയുമാണ് നിരക്ക്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 515 രൂപയാണ്. ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപ നൽകണം. ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള ടോൾനിരക്ക് 150 രൂപയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 300 രൂപയുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*