തൃശൂരിൽ ഇന്ന് മുതൽ നഴ്‍സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

തൃശൂർ ജില്ലയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ ആരംഭിക്കും. യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാ​ഗം ജീവനക്കാരും പണിമുടക്കിന്റെ ഭാ​ഗമാകും എന്നാണ് അറിയിച്ചിട്ടുള്ളത്.

കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ ഓഫീസിൽ ഗർഭിണിയായ നഴ്‌സിനെയടക്കം മർദ്ദിച്ച ആശുപത്രി എംഡി ഡോ. വിആർ അലോകിനെ അറസ്‌റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടക്കുന്നത്.

പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്‌ടർ വിളിച്ച യോഗത്തിനെ തുടർന്ന് യുഎൻഎ ഏഴ് ദിവസം മുൻപ് സമ്പൂർണ പണിമുടക്കിൽ നിന്നും പിൻമാറിയിരുന്നു. എങ്കിലും സൂചനാ പണിമുടക്ക് തുടർന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിൽ ലേബർ കമ്മീഷണർ യുഎൻഎയുമായും ആശുപത്രി അധികൃതരുമായും ചർച്ച നടത്തിയിരുന്നു.

എന്നാൽ ഈ ചർച്ചയും പരാജയപ്പെട്ടതോടെയാണ് നഴ്‌സുമാർ വീണ്ടും സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ ജില്ലയിലെ 39ഓളം വരുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കും. മൂവായിരത്തിലധികം നഴ്‌സുമാരാണ് പണിമുടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*