ഇന്ത്യ 376 റണ്‍സിന് ഓള്‍ഔട്ട്; ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച; മൂന്ന് വിക്കറ്റുകള്‍ വീണു

ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് എല്ലാവരും പുറത്തായി. ആറിന് 339 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 37 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 133 പന്തുകള്‍ നേരിട്ട അശ്വിന്‍ 113 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 86 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 8.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലാണ്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റ്. ബുമ്ര ഒരു വിക്കറ്റ് നേടി.

ആകാശ് ദീപ് (17), ജസ്പ്രീത് ബുമ്ര (7) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍. 108 പന്തുകളില്‍നിന്നാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്‌സ്വാളും ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായി. ഋഷഭ് പന്ത് (39), കെഎല്‍ രാഹുല്‍ (16), രോഹിത് ശര്‍മ (6), വിരാട് കോലി (6), ശുഭ്മന്‍ ഗില്‍ (0) എന്നിവരും നേരത്തേ പുറത്തായിരുന്നു.

യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും കൈകോര്‍ത്തതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. ഋഷഭ് പന്തിനെ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന്‍ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയര്‍ത്തി. 118 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 56 റണ്‍സെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തില്‍ ഷദ്മന്‍ ഇസ്‌ലാം ക്യാച്ചെടുത്താണ് ജയ്‌സ്വാളിനെ പുറത്താക്കിയത്.

സ്‌കോര്‍ 144 ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസ് രാഹുലിനെ പുറത്താക്കി. അതിനു ശേഷമായിരുന്നു ജഡേജ അശ്വിന്‍ സഖ്യത്തിന്റെ വരവ്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. ബംഗ്ലദേശിനായി ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ടസ്‌കിന്‍ അഹമ്മദ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*