ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് ഫൈനൽ കലാശ പോര്

ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ കലാശ പോരിനിറങ്ങുന്നത്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളും ശേഷം സൂപ്പർ എട്ടിലെ മൂന്ന് കളിയും ആധികാരികമായി വിജയിച്ചു.

ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു.പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയെയും വ്യാഴാഴ്ച നടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിന് ശേഷം ടി 20 ലോകകപ്പ് ഫൈനൽ ജയിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ്‌ ഫൈനലിൽ എത്തിയിട്ടില്ല. ഇന്ത്യൻ സമയം രാത്രി എട്ട് മണി മുതൽ ബാർബഡോസ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തിൽ മഴ ഭീഷണിയുണ്ട്. മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ്‌ അധികം അനുവദിച്ചിട്ടുണ്ട്. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ. ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെവന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യൻ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാം ദിനവും കളി നടക്കാതെ വന്നാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*