തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും കറക്കി വീഴ്ത്തിയതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയത്. 

ജഡേജയ്ക്കും (5-47) അശ്വിനും (3-42) മുന്നില്‍ അടിപതറിയ ഓസ്‌ട്രേലിയ 177 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തന്നെ തകര്‍പ്പന്‍ ഫോമിലായിരുന്ന രോഹിത് ശര്‍മ്മ 56 റണ്‍സുമായി ക്രീസിലുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് 66 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിനോടകം തന്നെ 9 ബൗണ്ടറികളും ഒരു സിക്‌സറും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു കഴിഞ്ഞു. മികച്ച ഫോമില്‍ ബാറ്റ് വീശിയ രോഹിത്തിന് കെ.എല്‍ രാഹുല്‍ ഉറച്ച പിന്തുണ നല്‍കി. എന്നാല്‍, ആദ്യ ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ പുറത്തായി. 71 പന്തുകളില്‍ 20 റണ്‍സ് നേടിയ രാഹുലിനെ ടോഡ് മുര്‍ഫിയാണ് പുറത്താക്കിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം തെറ്റിച്ചത് രവീന്ദ്ര ജഡേജയുടെ അപകടങ്ങൾ ഒളിപ്പിച്ചു വെച്ച സ്പിന്നുകൾ. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 63.5 ഓവറുകളിൽ 177 റണ്ണുകളിൽ ഒതുങ്ങി. ഒന്നാം ഇന്നിങ്സിൽ രണ്ടും മൂന്നും ഓവറുകളിൽ ഷാമിയുടെയും സിജെറിന്റെയും പന്തുകളിൽ ഓപ്പണർമാരായ ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും മടങ്ങിയത് കളിയുടെ ഗതി മാറ്റി. തുടർന്ന്, കാൽമുട്ടിനേറ്റ പരുക്ക് മൂലം ഒരു ഇടവേളക്ക് ശേഷം അന്തരാഷ്ട്ര മത്സരങ്ങളിലേക്ക് തിരികെ വന്ന രവീന്ദ്ര ജഡേജയുടെ ആക്രമണമായിരുന്നു. ജഡ്ഡുവിന്റെ അടുത്തതടുത്ത രണ്ട് പന്തുകളിൽ ലബുഷാഗ്നെയും റെൻഷോയും മടങ്ങി.

41 ആം ഓവറിൽ ജഡേജയുടെ പന്തിൽ സ്റ്റീവൻ സ്മിത്തും 53 ആം ഓവറിൽ അശ്വിന്റെ പന്തിൽ അലക്സ് കാരേയും മടങ്ങിയതോടെ കങ്കാരുപ്പട നിലം പതിച്ചു. അലക്സ് കാരേയുടെ വിക്കറ്റ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി അശ്വിൻ മാറി. പ്രതിരോധം തീർക്കാൻ പോലും സാധിക്കാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മർഫിയും ബോളണ്ടും അടങ്ങുന്ന വാലറ്റ നിര കളിക്കളം വിട്ടതോടെ മത്സരം ഇന്ത്യയുടെ കയ്യിലെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*