ഇന്ത്യ മുന്നണിയുടെ കടുത്ത നിലപാട്: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ചു; പരിപാടികളിൽ പങ്കെടുക്കില്ല

14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്‍ഡ്യ’ മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. അവതാരകരുടെ പേരുകള്‍ സഹിതം ഇന്‍ഡ്യ മുന്നണി പട്ടിക പുറത്തിറക്കി.

ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ  വ‍ർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.

എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആദ്യ യോഗത്തില്‍ തന്നെ ചില ടെലിവിഷന്‍ പരിപാടികളെയും അവതാരകരെയും ബഹിഷ്‌കരിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.

അര്‍ണബ് ഗോസാമി(റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക്), സുധീര്‍ ചൗധരി, അധിതി ത്യാഗി (ഭാരത് എക്‌സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ അവതാരകര്‍.

Be the first to comment

Leave a Reply

Your email address will not be published.


*