പാരിസ് : ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഷൂട്ടിങിൽ ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ നിരാശയോടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും തൊട്ടടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിച്ചില്ല. അർജുൻ ബാബുറ്റ-രമിതാ ജിൻഡാൽ സഖ്യം 628.7 പോയിന്റുമായി മികച്ച പ്രകടനം കാഴ്‌ച്ച വെച്ചെങ്കിലും ആദ്യ നാലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല.
ആദ്യ നാലിലെത്തിയെങ്കിൽ മാത്രമേ മെഡൽ മത്സരങ്ങൾക്കുള്ള അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനാകൂ. ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച മറ്റൊരു ടീമായ സന്ദീപ് സിങ്- എലവനിൽ സഖ്യത്തിനും ആദ്യ നാലിലെത്താനായില്ല. 626.3 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് ഇവരെത്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാ റൗണ്ടിൽ ഇന്ന് മത്സരിക്കും.
21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിംപിക്സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘമാണിത്. 15 വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ചരിത്രത്തിൽ സ്വർണമടക്കം ഷൂട്ടിങിൽ നാല് മെഡലുകൾ നേടിയ ഇന്ത്യയ്ക്ക് പക്ഷെ കഴിഞ്ഞ തവണത്തെ ടോക്യോ ഒളിംപിക്സിൽ കാര്യമായ പ്രകടനം നടത്താനായിരുന്നില്ല.
Be the first to comment