ബംഗ്ലാദേശിനെ തകര്‍ത്തു; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 64 പന്ത് ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നാലാം പന്തിലായിരുന്നു ജെയ്‌സ്‌വാള്‍ സംപൂജ്യനായി മടങ്ങിയത്. പിന്നീട് ക്രീസിലൊരുമിച്ച ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും തിലക് വര്‍മ്മയും ഇന്ത്യയുടെ വിജയം അനായാസമാക്കി. വണ്‍ ഡൗണായി ഇറങ്ങിയ തിലക് വര്‍മ്മ അര്‍ധ സെഞ്ച്വറി തികച്ച് പുറത്താവാതെ നിന്നു. 26 പന്തില്‍ രണ്ട് ബൗണ്ടറിയും ആറ് സിക്‌സും 55 റണ്‍സാണ് തിലക് വര്‍മ്മയുടെ സമ്പാദ്യം. 26 പന്തുകളില്‍ തന്നെ നാല് ബൗണ്ടറിയും മൂന്ന് സിക്‌സുമുള്‍പ്പടെ 40 റണ്‍സാണ് ഗെയ്ക്‌വാദ് അടിച്ചെടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് നേടി തിളങ്ങിയ സായ് കിഷോറും രണ്ട് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറുമാണ് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ വെറും 12 റണ്‍സ് വിട്ടുകൊടുത്താണ് സായ് കിഷോര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നാല് ഓവറില്‍ തന്നെ 15 റണ്‍സ് വഴങ്ങിയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*