ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ (Iran) വിദേശകാര്യമന്ത്രി  ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാചകനെതിരായ ബിജെപി വക്താവിന്‍റെ പരാമര്‍ശം ആഗോളതലത്തിൽ വിവാദമായ സാഹചര്യത്തിലാണ് സന്ദർശനം. സംഭവം ആഗോളതലത്തിൽ വിവാദമായതിന് ശേഷം ഇന്ത്യയിൽ എത്തുന്ന ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തിന്റെ പ്രതിനിധിയാണ് ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ. ഇന്ത്യ ഇറാൻ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അബ്ദുല്ലാഹിയാന്റെ ഇന്ത്യ സന്ദർശനം. ബിജെപി വക്താവായിരുന്ന നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ഇറാൻ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ അപലപിച്ചിരുന്നു ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് പലരാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലും അബ്ദുല്ലാഹിയാൻ സമാന വിഷയം ഉന്നയിച്ചതായാണ് സൂചന. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പല അറബ് രാഷ്ട്രങ്ങളുമായുള്ള രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴുമോ എന്ന ആശങ്കയും കേന്ദ്രസർക്കാറിനുണ്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അബ്ദുല്ലാഹിയാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*