ചബാഹർ തുറമുഖ നടത്തിപ്പിനായുള്ള കരാറിൽ ഇറാനുമായി ഇന്ത്യ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെ ഭീഷണിയുമായി അമേരിക്ക. ഇറാനുമായി വ്യാപാരബന്ധം ആലോചിക്കുന്ന ആർക്കും അമേരിക്കയുടെ ഉപരോധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വിദേശകാര്യ വകുപ്പ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഇന്ത്യയും ഇറാനും തുറമുഖവുമായി ബന്ധപ്പെട്ട ദീർഘകാല കരാറിൽ ഒപ്പുവച്ചത്.
ഇസ്രയേലിനെതിരായ ആക്രമണത്തിന് പിന്നാലെ അമേരിക്ക ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേത്തുടർന്നാണ് ഇന്ത്യക്കെതിരെയുള്ള ഭീഷണി. “ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ പരിഗണിക്കുന്ന ആരായാലും അവർ സ്വയം തുറന്നുകാണിക്കുന്ന അപകടസാധ്യതയെക്കുറിച്ചും ഉപരോധത്തിൻ്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം.” വേദാന്ത പട്ടേൽ പറഞ്ഞു.
തുറമുഖ, ഷിപ്പിങ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിൻ്റെ സാന്നിധ്യത്തിൽ ഇന്ത്യ പോർട്‌സ് ഗ്ലോബൽ ലിമിറ്റഡും ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും തമ്മിൽ കഴിഞ്ഞ ദിവസമാണ് കരാർ ഒപ്പുവച്ചത്. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിൻ്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്.
2024 ഏപ്രിലിൽ, ചൈനയിൽ നിന്നുള്ള മൂന്ന് കമ്പനികൾ ഉൾപ്പെടെ പാക്കിസ്താൻ്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിലേക്കുള്ള വിതരണക്കാർക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Be the first to comment